« »

പ്രപഞ്ച വിജ്ഞാനം തിരുത്തുമോ...?


സാബു ജോസ്

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്ലാങ്ക് ദൗത്യത്തിന്റെ കണ്ടെത്തലുകള്‍, പ്രപഞ്ചവിജ്ഞാനമേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാനിടയുള്ള താകുമെന്ന് ശാസ്ത്രജ്ഞര്‍..

പ്രപഞ്ചത്തിന്റെ പ്രായം നാം കരുതിയിരുന്നതിലും അധികമാണോ? അതുമാത്രമല്ല, അതിലെ ഘടകങ്ങളുടെ കാര്യത്തിലും നമ്മുടെ കണക്കുകൂട്ടല്‍ തെറ്റിയോ? ശൈശവ പ്രപഞ്ചമാകട്ടെ മുമ്പു കരുതിയതിലും ക്രമരഹിതമായിരുന്നോ? ഇനി പ്രപഞ്ചത്തിന്റെ പ്രായം 1382 കോടി വര്‍ഷമെന്നു തിരുത്തി വായിക്കേണ്ടിവരുമത്രെ. പ്രപഞ്ചവികാസ നിരക്ക് നമ്മുടെ കണക്കുകൂട്ടലിലും കുറവാണ്. നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും നക്ഷത്രാന്തര ധൂളീപടലങ്ങളുമെല്ലാം അടങ്ങുന്ന സാധാരണ ദ്രവ്യരൂപം (Baryonic Matter) നാം കരുതിയതുപോലെ പ്രപഞ്ചത്തിന്റെ 4.6 ശതമാനമല്ല ഉള്ളത്, 4.9 ശതമാനമാണത്രെ.


പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലകേ്ട്രോണ്‍ എന്നീ കണികകള്‍കൊണ്ടു നിര്‍മിച്ചിരിക്കുന്ന ദ്രവ്യത്തെയാണ് ബേര്യോണിക് മാറ്റര്‍ എന്നു വിളിക്കുന്നത്. മണ്ണും കല്ലും ജീവികളും നക്ഷത്രങ്ങളുമെല്ലാം ഇത്തരം ബേര്യോണിക് മാറ്ററാണ്. ഗുരുത്വാകര്‍ഷണ സ്വഭാവം മാത്രം പ്രദര്‍ശിപ്പിക്കുന്ന അദൃശ്യവും ദുരൂഹവുമായ ദ്രവ്യരൂപമാണ് ശ്യാമദ്രവ്യം (Dark Matter). ശ്യാമദ്രവ്യത്തിന്റെ അളവ് മുമ്പു കരുതിയതിലും അധികമാണെന്നാണ് പുതിയ കണ്ടെത്തല്‍. പ്രപഞ്ചത്തിന്റെ 26.8 ശതമാനവും ശ്യാമദ്രവ്യമാണുള്ളത്. മുമ്പ് കരുതിയതുപോലെ 24 ശതമാനമല്ല. പ്രപഞ്ചവികാസത്തെ ത്വരിതപ്പെടുത്തുന്ന ദുരൂഹ പ്രതിഭാസമാണ് ശ്യാമഊര്‍ജം (Dark Energy) എന്ന ഋണമര്‍ദം. ഇതിന്റെ അളവ് മുമ്പു കരുതിയതിലും കുറവാണെന്നാണ് പുതിയ കണ്ടുപിടിത്തം നല്‍കുന്ന സൂചന. പ്രപഞ്ചത്തില്‍ ശ്യാമഊര്‍ജത്തിന്റെ തോത് 68.3 ശതമാനമാണ്. നേരത്തെ ഇത് 71.4 ശതമാനമാണെന്നാണ് കരുതിയിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ ശൈശവപ്രപഞ്ചത്തിന്റെ ക്രമരാഹിത്യമാണ്. പ്രപഞ്ചകഥ വിവരിക്കുന്നതിലും അതിന്റെഭഭാവിപ്രവചനത്തിലും കാതലായ മാറ്റംവരുത്താന്‍ കഴിയുന്നതാണ് ഈ കണ്ടെത്തല്‍.(കടപ്പാട് -ദേശാഭിമാനി)

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്ലാങ്ക് ദൗത്യമാണ് പ്രപഞ്ചവിജ്ഞാന മേഖലയിലെ ഈ ഏറ്റവും പുതിയ കണ്ടെത്തല്‍ നടത്തിയത്. റേഡിയോ, മൈക്രോവേവ് തരംഗങ്ങള്‍ ഉപയോഗിച്ച് പ്ലാങ്ക് സ്പേസ് ക്രാഫ്റ്റ് 15 മാസം തുടര്‍ച്ചയായി നടത്തിയ ആകാശ സര്‍വേക്കു ശേഷമാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രപഞ്ചോല്‍പ്പത്തിയെത്തുടര്‍ന്നുള്ള 3,80,000 വര്‍ഷം ശൈശവ പ്രപഞ്ചമാകെ അതാര്യമായ പ്ലാസ്മ നിറഞ്ഞുനിന്നിരുന്നു. പ്രകാശത്തിനു സഞ്ചരിക്കാന്‍ കഴിയാതിരുന്ന ഈ കാലഘട്ടത്തിനുശേഷമുള്ള പ്രപഞ്ചചിത്രം മാത്രമേ നമുക്കു ലഭ്യമായ ചിത്രങ്ങളില്‍ ഉണ്ടാവുകയുള്ളൂ. വികസിക്കുന്ന പ്രപഞ്ചത്തില്‍ പ്രകാശരശ്മികള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ തരംഗദൈര്‍ഘ്യം വര്‍ധിക്കുകയും വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഇന്‍ഫ്രാറെഡ് ശ്രേണിയിലേക്കും ഒടുവില്‍ മൈക്രോവേവ് ഗ്രൂപ്പിലും എത്തിച്ചേരും. പ്ലാങ്ക് സ്പേസ്ക്രാഫ്റ്റ് ഇത്തരം മൈക്രോവേവുകളില്‍ (Cosmic Microwave Background Radiation) നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് ആധാരമായത്.

No comments:

Post a Comment

DETAILS OF J.C. BOSE