« »

പ്രഫുല്ല ചന്ദ്ര റായ്‌


സ്മരണ

ഇന്ത്യയില്‍ രസനന്ത്ര ഗവേഷണത്തിന് തുടക്കം കുറിച്ച പി.സി. റേയുടെ ജന്മദിനമാണ് ആഗസ്റ്റ് .2. പ്രാചീനഭാരതത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച അദ്ദേഹത്തെ നാം നന്ദിയോടെ സ്മരിക്കേണ്ടിയിരിക്കുന്നു.



പണ്ഡിതന്‍, രസതന്ത്രശാസ്ത്രജ്ഞന്‍, വ്യവസായ സംരംഭകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ്‌ (ഓഗസ്റ്റ് 2, 1861 - ജൂണ്‍ 16, 1944). 1861 ഓഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയില്‍ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.

ജീവിതം

പ്രഫുല്ല ചന്ദ്രയുടെ പിതാവായിരുന്ന ഹരീഷ് ചന്ദ്ര ഒരു ഭൂവുടമയായിരുന്നു. തനിക്ക് ഒന്‍പത് വയസ്സാകുന്നത് വരെ പ്രഫുല്ല ചന്ദ്ര പഠിച്ചത് അവിടെത്തന്നെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കൊല്‍ക്കത്തയിലേക്ക് കുടിയേറി. അവിടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഹേര്‍ സ്കൂളിലായിരുന്നു. ഈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ശക്തമായ ഒരു അതിസാരം പിടിപെടുകയും പിന്നീടുള്ള ജീവിതത്തെ അത് ബാധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ആല്‍ബര്‍ട്ട് സ്കൂളിലാണ് പഠിച്ചത്.
1879-ല്‍ അദ്ദേഹം കല്‍ക്കട്ട സര്‍വ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍(വിദ്യാസാഗര്‍ കോളജ്) പ്രവേശനം നേടി. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ 'പട്ടം പറത്തല്‍ പരീക്ഷണ'ത്തെക്കുറിച്ചും വായിച്ചതിനുശേഷം പ്രഫുല്ല ചന്ദ്രയില്‍ ശാസ്ത്രത്തിലുള്ള താത്പര്യം വളര്‍ന്നു. ആ സമയത്ത് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ശാസ്ത്രക്ലാസ്സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങള്‍ കൊല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്നുമായിരുന്നു പഠിച്ചത്. അവിടുത്തെ പ്രഫസ്സര്‍ അലക്‌സാണ്ടര്‍ പെഡ്ലറുടെ രസതന്ത്ര ക്ലാസുകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. പ്രകൃതിശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ഉണര്‍ത്തിയതും പെഡ്ലര്‍ ആയിരുന്നു. 1882-ല്‍ ശാസ്ത്രത്തില്‍ B.A. ബിരുദം നേടുവാനായി പഠിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അദ്ദേഹം ഒരു അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷയില്‍ പങ്കെടുത്ത് ആകെ രണ്ടുപേര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഗില്‍ക്രിസ്റ്റ് സ്കോളര്‍ഷിപ് കരസ്ഥമാക്കുകയും, ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ച് എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ തന്റെ പുനഃപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു.

എഡിന്‍ബര്‍ഗിലെ പഠനകാലത്ത് അവിടുത്തെ കെമിക്കല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്നു റേ. മികച്ച വിദ്യാര്‍ത്ഥിക്കുള്ള ഹോപ് പ്രൈസും കരസ്ഥമാക്കിയിരുന്നു. 1885 ല്‍ ബി.എസ്സ് സിയും 1887ല്‍ ഡി എസ്സ് സിയും റേ പൂര്‍ത്തിയാക്കി. പഠനകാലത്ത് റേ അവതരിപ്പിച്ച രണ്ടു പ്രബന്ധങ്ങള്‍ - ഇന്ത്യ, സിപായി ലഹളയ്ക്ക് മുമ്പും പിമ്പും (India, Before and After the Mutiny), ഇന്ത്യയെക്കുറിച്ച് ( Essay on India) എന്നിവ - ഏറെ ശ്രദ്ധ നേടി.
ഇന്ത്യയില്‍ തിരിച്ചെത്തിയ റേ പ്രസിഡന്‍സി കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. 1889 മുതല്‍ 1946ല്‍ പിരിയുന്നതു വരെ, 27 വര്‍ഷം അദ്ദേഹം അവിടെ തുടര്‍ന്നു. പരീക്ഷണങ്ങളും അനുഭവകഥകളും കൊണ്ട് ആകര്‍ഷകമാക്കിയ റേ യുടെ ക്ലാസ് പ്രശസ്തമായിരുന്നു. രസതന്ത്രം പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികള്‍ വിദൂരങ്ങളില്‍ നിന്നുപോലും പ്രസിഡന്‍സി കോളേജിലേക്കു വന്നു. രൂക്ഷഗന്ധങ്ങളും രാസബാഷ്പങ്ങളും നിറഞ്ഞ പഴയ ലാബോറട്ടറിയുടെ സ്ഥാനത്ത് എഡിന്‍ബര്‍ഗ് മാതൃകയില്‍ മികച്ച ലബോറട്ടറി നിലവില്‍ വന്നു. ആ ലാബോറട്ടറിയില്‍ വച്ചാണ് 1895ല്‍ റേ തന്റെ പ്രശസ്തമായ കണ്ടുപിടുത്തം - മെര്‍ക്യുറസ് നൈട്രൈറ്റിന്റെ സൃഷ്ടി - നടത്തിയതും. തുടര്‍ന്ന് റേ യും അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൈട്രൈറ്റുകളെയും ഹൈപ്പൊനൈട്രൈറ്റുകളെയും സംബന്ധിച്ച് ഒരു പഠനശാഖ തന്നെ വളര്‍ത്തിയെടുത്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയും നടമാടുന്ന ഇന്ത്യയില്‍ ശാസ്ത്രവും വ്യവസായവും കൈകോര്‍ത്താല്‍ പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മനസിലാക്കിയ റേ സ്വന്തം വീട്ടില്‍ വച്ച് മിനറല്‍ ആസിഡുകളും ഔഷധങ്ങളും നിര്‍മ്മിച്ചെടുത്തു. ജീവിതം മുഴുവന്‍ അവിവാഹിതനായ് കഴിഞ്ഞ റേയ്ക്ക് പണം സഹജീവികളുടെ സേവനത്തിനുള്ളതാണ്. ഉല്‍‌പന്നങ്ങള്‍ക്ക്‌ ആവശ്യം വര്‍ദ്ധിച്ചതോടെ കൂടുതല്‍ വലിയ ഒരു വ്യവസായമായി, ബംഗാള്‍ കെമിക്കല്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്സ് (BCPW) എന്ന പേരില്‍ , 1902ല്‍ അതു രജിസ്റ്റര്‍ ചെയ്യപ്പെട്ടു.


ഗവേഷണങ്ങളും വ്യവസായ സംരംഭവും എല്ലാം മുന്നേറുമ്പോള്‍ത്തന്നെ, റേയുടെ ശ്രദ്ധ പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളിലേക്ക് തിരിഞ്ഞിരുന്നു. സംസ്കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കയ്യെഴുത്ത് പ്രതികള്‍, പ്രത്യേകിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങള്‍, അദ്ദേഹം ശ്രദ്ധയോടെ പഠനവിധേയമാക്കി. പല നിര്‍മ്മാണ വിദ്യകളും സ്വയം ചെയ്തു നോക്കി. ഒടുവില്‍ എല്ലാം സംഗ്രഹിച്ച് 'ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം' ( History of Hindu Chemistry ) എന്ന പേരില്‍ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആല്‍കെമിയാണ് പ്രാചീനകാല രസതന്ത്രം എന്നു വിശ്വസിച്ചിരുന്നവരെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ അതിലുണ്ടായിരുന്നു. ഇന്ത്യന്‍ ജനതയുടെ ദേശാഭിമാനം വളര്‍ത്താന്‍ പോന്ന, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ആവേശം പകരുന്ന, കൃതിയായ് അതു മാറി. 1916ല്‍ റേ പ്രസിഡന്‍സി കോളേജില്‍ നിന്നു വിരമിച്ചു. തുടര്‍ന്നു റേ കൊല്‍ക്കത്ത സര്‍വ്വകലാശാലയുടെ കീഴിലുള്ള ആദ്യത്തെ 'കോളേജ് ഓഫ് സയന്‍സി'ലെ 'പലിത് പ്രൊഫസര്‍ ചെയറില്‍' നിയമിതനായ്. അടുത്ത വര്‍ഷം സി.വി.രാമന്‍ ഫിസിക്സിന്റെ പലിത് പ്രൊഫസര്‍ ആയി സ്ഥാനമേറ്റു. ബോസ് - റേ - രാമന്‍ (BRR)കൂട്ടുകെട്ടാണ് ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിന് അടിത്തറ പണിതത്.
1932ല്‍ റേയുടെ ആത്മകഥയുടെ ഒന്നാം ഭാഗം -'ഒരു ബംഗാളി രസതന്ത്രജ്ഞന്റെ ജീവിതവും അനുഭവങ്ങളും'(Life and Experience of a Bengal Chemist) പുറത്തു വന്നു. ഇന്ത്യന്‍ യുവത്വത്തിനാണ് അദ്ദേഹം അതു സമര്‍പ്പിച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം അതിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു.
റേ ഒരു വലിയ മനുഷ്യസ്നേഹി ആയിരുന്നു. ലളിതമായി ജീവിച്ച അദ്ദേഹത്തെ ആചാര്യ എന്നാണ് എല്ലാവരും വിളിച്ചത്. വരുമാനത്തില്‍ വലിയ പങ്കും സാമൂഹ്യസേവനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന്, നീക്കി വച്ചു. രസതന്ത്ര ഗവേഷണങ്ങള്‍ക്കുള്ള നാഗാര്‍ജ്ജുന പ്രൈസും ജീവശാസ്ത്ര ഗവേഷണത്തിനുള്ള ആശുതോഷ് മുഖര്‍ജി പ്രൈസും സ്ഥാപിച്ചത് പി.സി.റേ ആണ്. 1923ലെ ബംഗാള്‍ പ്രളയകാലത്ത് ദുരിതാശ്വാസ കമ്മറ്റി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും 25 ലക്ഷം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു.
1919ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് റേയ്ക്ക് നൈറ്റ് (സര്‍) സ്ഥാനം നല്‍കി ആദരിച്ചു. 1924ല്‍ റേ ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.1934ല്‍ റേ ലണ്ടന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഓണററി ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടു. 1944 ജൂണ്‍ 16 ന് ആചാര്യ റേ അന്തരിച്ചു.

No comments:

Post a Comment

DETAILS OF J.C. BOSE